Monday, April 11, 2011

ധ്വനിയുടെ അർത്ഥവിന്യാസങ്ങൾ

ധ്വനിയുടെ അർത്ഥവിന്യാസങ്ങൾ


ലക്ഷ്യം------സമത്വം,സ്വാതന്ത്ര്യം,സാഹോദര്യം


പ്രവർത്തനം-------സ്ത്രീക്കു നേരേയുള്ള അക്രമങ്ങൾ, പീഡനങ്ങൾ, വിവേചനങ്ങൾ, അസമത്വങ്ങൾ, അവകാശനിഷേധങ്ങൾ,അടിച്ചമർത്തലുകൾ തുടങ്ങിയവക്കെതിരെ ക്രിയാത്മകമായി പ്രവർത്തികുക, സ്ത്രീയുടെ സ്വാതന്ത്ര്യബോധം ,പൗരവകാശങ്ങൾ, വ്യക്തിത്വവികസനം,സ്വത്വ നിർമ്മിതി എന്നീ പ്രക്രിയകളിൽ വൈജ്ഞാനികവും ശാക്തികവും, വീക്ഷണപരവുമായ സ്രോതസ്സായി വർത്തിക്കുക. തലമുറകളായി അടിച്ചമർത്തപ്പെട്ട പെണ്മനസ്സുകളുടെ സർഗ്ഗാത്മകതയും, സൗന്ദര്യവും, ശക്തിയും, ചൈതന്യവും, ധൈര്യവും, സ്ഥൈര്യവും ഉണർത്തി ഉണ്മയിലേക്ക്‌ കൊണ്ടുവരുവാൻ പ്രാപ്തയാക്കുക. നിലനില്ക്കുന്ന രാഷ്ട്രീയവും, സാമ്പത്തികവും, സാമൂഹികവും,സാംസ്ക്കാരികവുമായ സ്ത്രീവിരുദ്ധനിലപാടുകളെ നേരിടാൻ ബൗദ്ധികവും, ശാക്തികവുമായി സ്ത്രീകളെ പ്രേരിപ്പിക്കുക. സ്ത്രീ പക്ഷചിന്ത വളരുന്നതിന്നുതകുന്ന പ്രത്യക്ഷവും പരോക്ഷവുമായ സംഘടനാപ്രവർത്തനങ്ങളും സാംസ്ക്കാരികപ്രവർത്തനങ്ങളും നടത്തുക, പെൺചിന്തയുടെ പക്ഷത്തേക്ക്‌ സ്ത്രീപുരുഷന്മാരെ അടുപ്പിക്കുക,


സ്ത്രീ അബലയാണ്‌ ,അനുസരിക്കാനും വിധേയയാകാനും മാത്രം വിധിക്കപ്പെട്ടവളാണ്‌, സ്വന്തമായ വ്യക്തിത്വമോ, ചിന്തയോ ഇല്ലാത്തവളാണ്‌, പുരുഷന്റെ ഇച്ഛാനുസരണം ലൈഗീക ഉപഭോഗവസ്തുവാണ്‌ എന്നിങ്ങനെ സമൂഹമനസ്സിലാഴ്ന്നിറങ്ങിയ സ്ത്രീവിരുദ്ധധാരണകളുടെ തായ്‌ വേരു മുറിക്കാതെ പെണ്ണിന്‌ മുന്നേറ്റമില്ല. കായികവും ,ധൈഷണികവുമായ രംഗങ്ങളിൽ വ്യത്യസ്തമോ വ്യതിരിക്തതയോ ഉണ്ടാകാമെങ്കിലും യാതൊരു തരത്തിലുള്ള കുറവോ ദൗർബല്യമോ സ്ത്രീക്ക്‌ ഇല്ലാ എന്ന ് തെളിയിക്കപ്പെട്ട വസ്തുത പെൺധാരയിലേക്ക്‌ കൊണ്ടുവരിക.


നമ്മുടെ സാമൂഹ്യാവസ്ഥയുടെ സംരക്ഷകരായ നീതിപീഠങ്ങൾ , ഭരണനിർവഹണം (രാഷ്ട്രീയം)ഉദ്യോഗസ്ഥവൃന്ദം,മാധ്യമങ്ങൾ, തുടങ്ങിയ എല്ലാ രംഗത്തേക്കും സ്ത്രീ നേരിടുന്ന പ്രശ്നങ്ങളെ ഉയർത്തിക്കൊണ്ടുവന്ന്‌ അനുകൂലമായ തീരുമാനങ്ങളും സ്ത്രീക്ക്‌ അനുഭാവചിന്തകളും സമൂഹത്തിൽ വളർത്തിയെടുക്കുക. സ്ത്രീ വിരുദ്ധപ്രവർത്തനങ്ങളുടെ കേന്ദ്രീകൃതബിന്ദു കേവലം പുരുഷനല്ലെന്നും സ്ത്രീയും പുരുഷനുമടങ്ങുന്ന സമൂഹമാണെന്നും ,മൂലധനാധിഷ്ഠിത സാമ്പത്തികരാഷ്ട്രീയ സാമൂഹികഖടനയിലുള്ള ഈ വ്യവസ്ഥിതിയാണെന്നും തിരിച്ചറിഞ്ഞുകൊണ്ട്‌ അടിച്ചമർത്തലുകൾക്കും ചൂഷണത്തിനും വിധേയമായിക്കൊണ്ടിരിക്കുന്ന മറ്റു അവശവിഭാഗങ്ങളുടെയും പ്രശ്നങ്ങളെ അനുഭാവപൂർവം പരിഗണിക്കാനും പ്രാപ്തരാക്കുക. സ്ത്രീയുടെ പ്രശനങ്ങൾ മാത്രം അടർത്തിയെടുത്തുകൊണ്ട്‌ ഈ പ്രശ്നങ്ങൾക്ക്‌ മാത്രമായി പരിഹാരമില്ലെന്ന തിരിച്ചറിവോടെ സ്ത്രീപുരുഷസമത്വവും, സ്വാതന്ത്ര്യവും സാഹോദര്യവും മതനിരപേക്ഷവും പുരോഗമനോന്മുഖവുമായ ഒരു സാമൂഹികവ്യവസ്ഥിതിയിലേക്കുള്ള പ്രയാണത്തിന്‌ ,അവശതയനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളുമായും കൈകോർത്തുകൊണ്ട്‌ വിവിധതലങ്ങളിലുള്ള സമാനചിന്താഗതിക്കാരുമായി വ്യക്തികളുമായും, സംഘങ്ങളുമായും ആശയവിനിമയവും സഹകരണവും നടത്തി സ്ത്രീശാക്തീകരണത്തിന്റെ പടവുകൾ ഉറച്ച കാല്വെപ്പുകളോടെ കയറുക. പെണ്ണായിപ്പിറന്നത്‌ കണ്ണീരു കുടിക്കാനല്ലെന്നും അഭിമാനത്തോടെ മൂല്യബോധങ്ങൾ ഉയർത്തിപ്പിടിച്ച്‌ അന്തസ്സോടെ ജീവിക്കാനുമാണെന്ന്‌ ഞങ്ങൾ നിരഹങ്കാരം ഉല്ഘോഷിക്കുന്നു. ദിഗന്തങ്ങളെ നടുക്കാനല്ല, ദൈന്യത്തെ ഉണർത്താനാണ്‌` “ധ്വനി”

No comments:

Post a Comment