Tuesday, October 2, 2012

സർഗ്ഗാത്മകതയെ വികസിപ്പിക്കണം

.


ടി.പി.ഭാസ്ക്കര പൊതുവാള്‍ 
എനിക്ക്‌ കുട്ടികളെ ഇഷ്ടമാണ്‌. അവർ കുസൃതിയും കറുമ്പും കാണിക്കും.യാതൊരു കുറുമ്പും കാണിക്കാത്ത നിർദ്ദോഷിയായ,നിശ്ശബ്ദനായ  കുട്ടിയെ ഒന്നിനും കൊള്ളില്ല. ഏതെങ്കിലും തരത്തിലുള്ള കഴിവും വാസനയുമുള്ള കുട്ടികൾ വെറുതെ അടങ്ങയൊ തുങ്ങി ഇരിക്കില്ല. അവരെ അവരുടെ പാട്ടിനു വീടണം. പാട്ട്‌ പാടുന്നവരെ പാടാനും, ചിത്രം വരക്കുന്നവരെ ചിത്രം വർക്കാനും,നൃത്തം ചെയ്യുന്നവരെ നൃത്തം ചെയ്യാനും ,കവിത-കഥാ രചന നടത്തുന്നവരെ അതിനെല്ലാം വീട്ടുകാർ അനുവദിക്കണം. പാട്ടു പാടുന്നതിലൂടെ ചിത്രം വർക്കുന്നതിലൂടെ നൃത്തം ചെയ്യുന്നതിലൂടെ കവിത രചിക്കുന്നതിലൂടെ ഓരോരുത്തരും അവരുടെ വികാര വിചാര വ്രേചനമാണ്‌ നടത്തുന്നത്‌. അവരവരുടെ മനസ്സിൽ കെട്ടിക്കിടക്കുന്ന സംഘർഷങ്ങളാണ്‌ അത്തരം സർഗ്ഗാത്മകപ്രവർത്തനങ്ങളിലൂടെ അണപൊട്ടി ഒഴുകുന്നത്‌. അങ്ങനെ അവർ ശാരീരികവും മാനസീകവുമായി ശാന്തരും സമാധാനമുള്ളവരുമായി മാറുന്നു. അവർക്ക്‌ ജീവിതവിജയമുണ്ടാകും. പാട്ടു പാടുന്നവരേയും മറ്റു കലാപ്രകടനം നടത്തുന്നവരേയും നോക്കി നമ്മുടെ അമ്മമാർ പറയുന്നത്‌ എന്താണ്‌?“പാടിക്കൊണ്ടു നടന്നോ,അടുത്ത വീട്ടിലെ രാധേടെ കൊച്ചിനെ പരീക്ഷയിൽ തോല്‍പ്പിച്ചേക്കണം.അല്ലെങ്കിൽ എന്റെ സ്വഭാവം മാറും”.മറ്റുള്ളവരെ തോല്‍പ്പിക്കണം.അവനവന്റെ കുട്ടി ജയിച്ചാൽ പോരെ?എന്തിനാണ്‌ മറ്റുള്ളവർ തോല്‍ക്കാൻ ആഗ്രഹിക്കുന്നത്‌. അത്‌ പോസിറ്റീവ് എനർജിയല്ല ഉണ്ടാക്കുന്നത്‌. DSC_0049.JPG

ആമയും മുയലും പന്തയം വെച്ചപ്പോൾ മുയൽ പറഞ്ഞു, “ഞാൻ നിന്നെ തോല്പ്പിക്കും”.എന്നാൽ ആമ പറഞ്ഞത്‌ ,“ഞാൻ ജയിക്കും ”എന്നു മാത്രമാണ്‌. എന്തുണ്ടായി.ജയിക്കുമെന്ന്‌ പറഞ്ഞ ആമ ജയിച്ചു. തോല്‍പ്പിക്കുമെന്നു പറഞ്ഞ മുയൽ തോറ്റു.

എട്ടാംക്ളാസ്സ്‌ വരെ കണക്കിൽ തോറ്റുക്കൊണ്ടിരുന്ന ഞാൻ എട്ടിൽ ജയിച്ചു. കാരണം എന്റെ ടീച്ചറാണ്‌. എട്ടിൽ പഠിപ്പിക്കാൻ ഒരു പുതിയ കണക്കു ടീച്ചർ വന്നു. കവിത ചൊല്ലി,കഥ പറഞ്ഞു,പാട്ടു പാടി, ഗഹനമായ കണക്ക്‌ എന്ന വിഷയത്തെ ലാഘവമാക്കി അവതരിപ്പിച്ചപ്പോൾ ഞങ്ങൾക്കെല്ലാവർക്കും താല്‍പ്പര്യമായി. കണക്കും ദഹിച്ചുതുടങ്ങി. അപ്പോൾ ഞങ്ങൾ എല്ലാവരും കണക്കിൽ ജയിച്ചു. അപ്പോഴാണ്‌ ഞാൻ മനസ്സിലാക്കിയത്‌, കണക്കിൽ ഞാൻ തോറ്റിരുന്നത്‌ എന്റെ കുറ്റം കൊണ്ടായിരുന്നില്ല എന്ന്‌. ചീത്ത കുട്ടികളെന്നും,മണ്ടന്മാരെന്നും കുട്ടിക്കാലത്ത്‌ പേരെടുക്കുന്നവർ യഥാർത്ഥത്തിൽ ചീത്തയോ, മണ്ടനോ അല്ല. നമ്മുടെ സമൂഹത്തിൽ വളർന്നുവന്നിട്ടുള്ള മിഥ്യാബോധമാണ്‌. എല്ലാവരാലും നിന്ദിക്കപ്പെട്ട കുട്ടികൾക്കുമൊരു സ്വകാര്യഹൃദയമുണ്ടാകും. അതിലേക്കിറങ്ങിച്ചെല്ലാൻ വീട്ടുകാർക്കും,അദ്ധ്യാപകർക്കും കഴിയണം. അല്ലെങ്കിൽ അവർ സമൂഹത്തിനു തന്നെ ഭാരമായി, ദുരന്തമായി മാറിയെന്നിരിക്കും. നിന്ദിക്കപ്പെട്ട ഒരു കുട്ടിയെ ഞാൻ അഭിനന്ദിച്ചു.. ഒരു കവിത പൂരിപ്പിച്ചതിന്‌ സമ്മാനവും കൊടുത്തു.അവൻ അത്ഭുതപ്പെട്ടു. വീട്ടിൽ ചെന്നു ഈ കാര്യം പറഞ്ഞപ്പോൾ ,അത്‌ കട്ടതായിരിക്കുമെന്ന്‌ പറഞ്ഞ്‌ അവന്റെ അച്ഛൻ അവനെ വീണ്ടും വേദനിപ്പിച്ചു. എന്നോട്‌ കാര്യം പറഞ്ഞപ്പോഴാണ്‌ എല്ലാം ഞാൻ വിശദീകരിച്ചത്‌. അപ്പോഴാണ്‌ ആ അച്ഛൻ തിരിച്ചറിഞ്ഞത്‌. എല്ലാം അയാൾ ഏറ്റു പറഞ്ഞു. ആ സംഭവത്തിലൂടെ ആ കുട്ടിയിൽ അത്ഭുതകരമായ മാറ്റമുണ്ടായി. ഇന്നവൻ ഇംഗ്ളീഷ്‌ സാഹിത്യത്തിൽ എം.എ.ക്കു പഠിക്കുകയാണ്‌. കുട്ടികളോട്‌ കരുണ കാണിക്കണം. അവർ ഭാവിയുടേ വാഗ്ദാനങ്ങളാണ്‌. അവരെ തീവ്രവാദിയും സാമൂഹ്യദ്രോഹിയും കുറ്റവാളികളുമാക്കിമാറ്റുന്നത്‌ നമ്മുടെ സമൂഹമാണ്‌. DSC_0020 copy.jpgനാം പ്രസരിപ്പിക്കേണ്ടത്‌ പോസിറ്റീവ് എനർജിയാണ്‌. സ്നേഹപൂർവ്വം.ഓരോ കുട്ടിയേയും നെഞ്ചോടു ചേർത്തു പിടിക്കുമ്പോൾ ഒരോരുത്തരുടേയും ഹൃദയം സ്നേഹം കൊണ്ട്‌ നിറയും. അത്‌ കവിഞ്ഞൊഴുകും. അപ്പോൾ കവിതയും, സംഗീതവും നൃത്തവും ഒഴുകും. അത്‌ തുറന്നു വീടണം. അവർ നല്ലവരായി വളരട്ടെ. അവരിൽ സ്വാർത്ഥതയുടേയും, ദുരഭിമാനത്തിന്റേയും ,അസൂയയുടേയും വിഷവിത്തുകൾ പതിയാതിരിക്കട്ടെ. അതിന്നിട നാം കൊടുക്കരുത്‌. കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടമാവുന്ന  ഒന്നാണ് ഭാഷയും ,സംസ്ക്കാരവും. മലയാളിയുടെ സംസ്ക്കാരത്തിന്റെ ജൈവതാളങ്ങള്‍ യാന്ത്രികയുഗത്തിന്റെ തിരക്കുകളില്‍ പെട്ട് നഷ്ടപ്പെടുന്നു. അവനവനെ അറിയാനും ,സമൂഹത്തെ തിരിച്ചറിയാനും  ഇണങ്ങാനും ,പിണങ്ങാനും  പഠിപ്പിച്ചു തന്ന അമ്മമലയാളത്തെ  നാം തിരിച്ചുപിടിക്കേണ്ടി യിരിക്കുന്നു. മലയാളഭാഷയുടെ മൂല്യങ്ങളെ  വളര്‍ത്തി എടുക്കേണ്ടത്  സമൂഹത്തിന്റെ   ധാര്‍മ്മിക ഉത്തരവാദിത്വമാണെന്നും  ഭാസ്ക്കര പൊതുവാള്‍ അഭിപ്രായപ്പെട്ടു. 

" ധ്വനി " മലയാളീ വനിതാസംഘടനയു ടെ  മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു  ഷെട്ടിഹള്ളി ഇന്ത്യന്‍ പബ്ലിക് സ്ക്കൂളില്‍ വെച്ച് "മധുരം മലയാളം "പരിപാടി യുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു കണ്ണൂര്‍   മലയാള ഭാഷാ പാറശാല  ഡയരക്ടര്‍ "ശ്രീ  ടി.പി. ഭാസ്ക്കര പൊതുവാള്‍.

 ചെയര്‍പേഴ്സന്‍  ഇന്ദിരാബാലന്‍ അദ്ധ്യക്ഷത വഹിച്ചു. ഗായിക സുമിത്രാരാജന്‍ ഗാനങ്ങള്‍ ആലപിച്ചു. കുമാരി ശ്രീലക്ഷ്മി ,കെ.ആര്‍.ജയലക്ഷ്മി എന്നിവര്‍ കവിതകള്‍  ചൊല്ലി. വാസന്തികൃഷ്ണന്‍,ഇന്ദിരാ ശ്രീകുമാര്‍,സുധാകരുണാകാരന്‍ ,സാവിത്രിപരമേശ്വരന്‍.രുഗ്മിണി ശേഖര്‍,മാലതി പാണി,ശ്രീദേവി നാരായണന്‍ ,കനകമോഹന്‍,രശ്മിരാജ്,രുഗ്മിണി കൃഷ്ണന്‍ ,എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. നിര്‍മ്മലാ ജോര്‍ജ്ജ് നന്ദി പ്രസംഗം നടത്തി.-

Tuesday, July 26, 2011

ബഹുമാന്യരെ

ചരിത്രത്തിന്റെ ചിരപരിചിതമായ അനുഷ്ഠാനങ്ങളോടുള്ള കലഹമാണ്‌ ഒരർത്ഥത്തിൽ സ്ത്രീശാക്തീകരണപ്രവർത്തനങ്ങളിലൂടെ പ്രകടമാകുന്നത്‌. സമൂഹത്തിൽ അവശതയനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളുമായും കൈ കോർത്തുപിടിച്ച്‌ ,വിവിധ തലങ്ങളിലുള്ള സമാനചിന്താഗതിക്കാരായ സ്ത്രീകളുമായി ചേർന്നു സാംസ്ക്കാരിക ഭൂമികയിലേക്ക് ക്രിയാത്മകമായി ഇടപെട്ട്‌ സ്ത്രീശാക്തീകരണത്തിന്റെ പടവുകളിലേക്ക് ഉറച്ച കാലവെയ്പ്പുകളോടെ കടന്നു വന്ന്‌ പ്രവർത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രയാണമാരംഭിച്ച ധ്വനിയുടെ രണ്ടു വർഷ പ്രവർത്തന കാലം ഇവിടെ പൂർണ്ണമാകുന്നു. ഭൂതകാലം പണിതുവെച്ച അനേകം രാവണൻ കോട്ടകളിലൂടെ കടന്നു പോകുവാൻ വിധിക്കപ്പെട്ട സ്ത്രീജന്മങ്ങളുടെ കരുത്തിന്‌ പുതിയ ഭാഷ്യങ്ങൾ രചിച്ച കൊടുങ്കാറ്റിന്റെ കൂട്ടുകാരികളായി മാറിയ നിരവധി ധീരവ്യക്തിത്വങ്ങൾ സമൂഹത്തിലുണ്ട്‌. അവരുടെ പ്രവർത്തനങ്ങൾ വീടിനുള്ളിലും ,പുറത്തും സ്ത്രീയുടേയും അതു വഴി മനുഷ്യവർഗ്ഗത്തിന്റെ തന്നെയും അന്തസ്സുയർത്തിപ്പിടിക്കാൻ പര്യാപ്തമായ കർമ്മ പാഠങ്ങളാണ്‌.


ഈ രണ്ടാം വർഷവേളയിൽ ധ്വനിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 18 ഞായറാഴ്ച്ച രാവിലെ പത്തുമണിക്കു “സ്ത്രീശാക്തീകരണം സമൂഹത്തിന്റെ അനിവാര്യത” എന്ന വിഷയത്തിൽ ബി ഇ എൽ സി ഐ ടി യു ഹാളിൽ വെച്ച്‌ സെമിനാർ സംഘടിപ്പിക്കുന്നു. വിപ്ളവകരമായ ഇടപെടലുകളിലൂടെ സാമൂഹ്യരംഗത്തിന്റെ അവിഭാജ്യഘടകമായി മാറിയ പ്രമുഖസ്ത്രീശാക്തീകരണപ്രവർത്തകയും ,കോഴിക്കോട്‌ “അന്വേഷിയുടെ ” സാരഥിയുമായ ശ്രീമതി കെ.അജിത ധ്വനിയുടെ വേദിയിൽ മുഖ്യാതിഥിയായെത്തുന്നു. ഒപ്പം അന്വേഷി വൈസ് പ്രസിഡണ്ട് ശ്രീമതി ശ്രീജയും സന്നിഹിതയാകുന്നു. സങ്കീർണ്ണവും കലുഷവുമായിക്കൊണ്ടിരിക്കുന്ന കേരളസമൂഹത്തോട്` അന്വേഷി നിരന്തരം ഇടപെട്ടുക്കൊണ്ടിരിക്കുകയാണ്‌.ധ്വനി നയിക്കുന്ന ഈ സംവാദത്തിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു.

ധ്വനി വനിതാവേദി
ബാംഗ്ളൂർ---90


ഫൊൺ നമ്പർ---8971910472
9482517360
8892581325